കാസര്‍കോട്: നഗര ഹൃദയത്തിലും പരിസരപ്രദേശങ്ങളിലുമായി അടിക്കടിയുണ്ടാകുന്ന കവര്‍ച്ചകള്‍ ജനങ്ങളേയും വ്യാപാരികളേയും ഭീതിയിലാഴ്ത്തുന്നു. രാത്രിയെന്നോ, പകലെന്നോ ഭേതമില്ലാതെ അരങ്ങേറുന്ന കവര്‍ച്ചകള്‍ പെരുകുന്നത് പോലീസിനും തലവേദനയായിരിക്കുകയാണ്.
നഗരത്തില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കവര്‍ച്ചകള്‍ക്കു പിന്നില്‍ പ്രൊഫഷണലുകളാണെന്നാണ് പറയപ്പെടുന്നത്. ഇവരില്‍ പലരും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളായി ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയവരും ജാമ്യത്തിലിറങ്ങിയവരുമാണെന്ന് പോലീസധികൃതര്‍തന്നെ പറയുന്നു. എന്നാല്‍ പ്രതികളേയോ, കവര്‍ച്ചാ മുതലുകളോ കണ്ടെത്തുന്നതിന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയഞ്ഞിട്ടില്ല.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഇലക്‌ട്രോണിക്‌സ് കട കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ പ്രതി കര്‍ണാടക സ്വദേശിയെ പിടികൂടാനായത് പോലീസിന്റെ മുഖം രക്ഷിച്ചിരിക്കുകയാണ്. മാത്രമല്ല, പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഗള്‍ഫ് ബസാറിലെ രാത്രികാല കാവല്‍കാരന്റെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളെ പിടികൂടാനും പോലീസിനായി. എന്നാല്‍ നഗരത്തില്‍ രാത്രികാലങ്ങളില്‍ അരങ്ങേറിയ മറ്റുകവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കുന്നതിന് പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ കാസര്‍കോട് നഗരത്തിലെ വീടുകളിലും കടകളിലുമായി നിരവധി കവര്‍ച്ചകളാണ് ഉണ്ടായത്. ഇതില്‍ മിക്ക കവര്‍ച്ചകളിലെയും പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. കവര്‍ച്ചകേസുകളിലെ പ്രതികളെ കണ്ടെത്താനാവാത്തതിനു പിന്നില്‍ പോലീസും മോഷ്ടാക്കളും തമ്മിലുള്ള അവിഹിത ബന്ധമാണെന്നാണ് പൊതുജന സംസാരം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീധികൃതരില്‍ ചിലര്‍ മോഷ്ടാക്കള്‍ക്ക് ഒത്താശ ചെയ്ത് കവര്‍ച്ചാമുതലില്‍നിന്ന് ഒരു നിശ്ചിത വിഹിതം കൈപ്പറ്റുകയാണ് ചെയ്യുന്നതെന്ന് ആരോപണമുണ്ട്. ഈയിടെ നഗരത്തില്‍വെച്ച് ഒരു മോഷ്ടാവിനെ കയ്യോടെ പിടികൂടി പുതിയ ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റധികൃതരെ ഏല്‍പ്പിച്ചിരുന്നു. ഇവിടെനിന്ന് മോഷാടാവിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, നഗരത്തില്‍ നടക്കുന്ന മിക്ക പോക്കറ്റടിയിലും കവര്‍ച്ചകളിലും പ്രതിയായിട്ടുള്ള ഈ മോഷ്ടാവിനെ വിശിഷ്ടാഥിതിയെ പോലെ സ്വീകരിക്കുകയാണ് ടൗണ്‍ സ്റ്റേഷനിലെ ഒരു പോലീസുദ്യോഗസ്ഥന്‍ ചെയ്തതെന്നാണ് കവര്‍ച്ചയ്ക്കിരയായ യുവാവ് ഈയിടെ പറഞ്ഞത്.
നഗരത്തില്‍ നടക്കുന്ന മിക്ക കവര്‍ച്ചകള്‍ക്കും തുമ്പുണ്ടാക്കാന്‍ പോലീസിനു കഴിയുമെന്നതില്‍ സംശയമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍, മോഷ്ടാക്കളുമായി ഇവര്‍നടത്തുന്ന അവിഹിത ബന്ധമാണ് ഇതിനു ഇവര്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. മിക്ക സ്റ്റേഷനുകളിലും കാലങ്ങളായി തുടരുന്ന ഇത്തരമൊരു സ്ഥിതി വിശേഷത്തിന് അറുതി വരുത്താന്‍ ജില്ലയിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പരിശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നാണ് നഗരത്തിലെ വ്യാപാരികളും ജനങ്ങളും പറയുന്നത്.
ജോലി കഴിഞ്ഞും ദൂരസ്ഥലങ്ങളില്‍ പോയി തീവണ്ടിയിലും മറ്റും രാത്രിയില്‍ നഗരത്തിലെത്തുന്നവര്‍ കവര്‍ച്ചയ്ക്കിരയാവുന്നത് ഈയടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, നടന്നുപോകുന്നവരേയും, ബൈക്കില്‍ പോകുന്നവരേയും, അക്രമിക്കുന്ന സംഭവവും പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിലെ പട്രോളിംഗും മറ്റും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ഇത്തരത്തില്‍ അതിക്രമങ്ങള്‍ പെരുകുന്നതിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നഗരത്തിലുണ്ടാവുന്ന മിക്ക കവര്‍ച്ചകള്‍ക്കും അറുതി വരുത്തുന്നതിനും ജനങ്ങളുടെ സ്വത്തിനും മുതലിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കഴിയുമെന്ന് മുന്‍കാലങ്ങളില്‍ കാസര്‍കോട് സേവനമനുഷ്ടിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥര്‍ തെളിയിച്ചിട്ടുണ്ട്. ഈയടുത്ത കാലത്തായി പല കേസുകളിലും അന്വേഷണം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നത് കേസ് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്.